ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് ജി വാര്യർ. വിഷു റിലീസായി എത്തിയ ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന സാഹചര്യത്തിനിടയിലാണ് സന്ദീപ് ജി വാര്യർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തെ വിമർശിച്ചത്. സിനിമയിൽ കാണിക്കുന്ന ഫ്ലോറി എന്ന ഗർഭിണിയായ കഥാപാത്രത്തിന്റെ മരണം വിമോചന സമരത്തെ ശക്തിപ്പെടുത്തിയ പ്രധാന സംഭവങ്ങളിലൊന്നായി ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനെ പോലീസിന്റെ വീഴ്ചയായി മാത്രം ചിത്രത്തിൽ ചുരുക്കിക്കാണിക്കുന്നത് സമരത്തിന്റെ രാഷ്ട്രീയ പ്രസക്തിയെ ദുർബലപ്പെടുത്തുന്നതാണെന്നുമാണ് വിമർശനത്തിൽ പ്രധാനമായി ഉന്നയിക്കുന്ന കാര്യം.
‘വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി. ഒരു ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്‌ത രീതി അങ്ങേയറ്റം വിചിത്രമാണ്. ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്സൊ അറിയാതെ പോലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.’ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഇതേപറ്റി പരാമർശിച്ചത്. സിനിമ ഒരു കലാരൂപമെന്ന നിലയിൽ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിച്ചെങ്കിലും, ഇത്തരത്തിൽ ചരിത്രസത്യങ്ങളെ ‘വെളുപ്പിച്ചെടുക്കുന്ന’ സമീപനം സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കാനിടയാക്കുമെന്ന് കൂടി പോസ്റ്റിൽ വിലയിരുത്തപ്പെടുന്നുണ്ട്. ചരിത്രത്തെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കുമ്പോൾ സത്യസന്ധതയും ഉത്തരവാദിത്തബോധവും അനിവാര്യമാണെന്ന ചർച്ചകൾക്ക് ഈ വിമർശന പോസ്റ്റിപ്പോൾ വഴിയൊരുക്കിയിരിക്കുകയാണ്.

വിമോചന സമരത്തെ പശ്ചാത്തലമാക്കി, ഭൂപരിഷ്കരണ നിയമം മൂലം കമ്യുണിസവും ക്രൈസ്‍തവരും തമ്മിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും അത് മൂലം നാടിനുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളും വരച്ചുകാട്ടി തുടങ്ങുന്ന ചിത്രം ചരിത്ര സത്യങ്ങളെ തൊട്ട് പോകുന്ന ഒന്ന് കൂടിയാണ്. അതിനാൽ തന്നെ സന്ദീപ് ജി വാര്യരുടെ പോസ്റ്റ് കൂടുതൽ ശ്രദ്ധ നേടുകയാണ്. ചരിത്രത്തെ തെറ്റായ രീതിക്ക് ചിത്രം കൈകാര്യം ചെയ്തുവെന്ന ആരോപണത്തിനെതിരെ ചലച്ചിത്ര പ്രവർത്തകർ എന്ത് മറുപടി നൽകുമെന്നറിയാനുള്ള ആകാംഷയിലാണ് സോഷ്യൽ മീഡിയ.

