പ്രകടന മികവിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും ഒരു ദുരൂഹ സാഹചര്യത്തിൽ

Written by: Anish KS on 16 April

Advertisements

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിൽ വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രം വൻ പ്രേക്ഷകാഭിപ്രയം ലഭിക്കുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിലെത്തുന്ന ചിത്രം കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. പേര് പോലെ തന്നെ അടിമുടി ദുരൂഹതയാണ് ചിത്രം പറയുന്നത്.

‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ടൈറ്റിൽ വെറും പേരായി നില നിൽക്കാതെ, സിനിമയുടെ മുഴുവൻ ടോണിനെയും നിർവചിക്കുന്ന ഒരു അനുഭവമായി മാറുന്നുണ്ട് ആ ടൈറ്റിൽ. ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ്. പക്ഷേ അതിലും കൂടുതലായി, മനസ്സിന്റെ കളികളും സാഹചര്യങ്ങളുടെ അനിശ്ചിതത്വവും ചേർന്നൊരു വിചിത്രമായ നറേറ്റീവ് ആണ് ചിത്രത്തിന് പറയാനുള്ളത്. കഥാപാത്രങ്ങളുടെ പെരുമാറ്റവും സംഭവങ്ങളുടെ സ്വഭാവവും എല്ലാം ചേർന്ന്, പ്രേക്ഷകനെ ഒരുതരം മെന്റൽ മേസിലേക്ക് കൊണ്ടുപോകാൻ ചിത്രത്തിനാകുന്നുണ്ട്.

Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google
Advertisements

വയനാട് തിരുനെല്ലിയിലെ തോൽപ്പട്ടി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രത്തിലൂടെ പറയുന്ന കഥ അയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ കൂടി അനാവരണം ചെയ്യുന്നുണ്ട്. കിടപ്പിലായ സഹോദരൻ മധുവിനെ ചുറ്റിപ്പറ്റിയാണ് സേതുവിന്റെ മുഴുവൻ ലോകവും. ഒരു ഗവൺമെന്റ് ഹെൽത്ത് വർക്കറെന്ന നിലയിൽ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരാളാണ് സേതു  എങ്കിലും, വ്യക്തിജീവിതത്തിൽ അയാൾ പൂർണ്ണമായും തന്റെ സഹോദരന്റെ പരിചരണത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. സേതുവിന് മധുവിനോടുള്ള സ്നേഹം വെറും സഹോദരബന്ധമല്ല. അത് സേതുവിന്റെ ജീവന്റെ ഭാഗം പോലെ തന്നെയാണ്. മരിച്ചുപോയ ഇളയപ്പൻ മാർക്കോസിന്റെ അഭാവം മധുവിന് അംഗീകരിക്കാൻ കഴിയാത്ത ഒരു സത്യമാണ്. ആ നഷ്ടം സഹിക്കാനാകാത്ത മധുവിന്റെ മനസ്സ് ഒരു ഭ്രമലോകം സൃഷ്ടിക്കുന്നു. അവിടെ മാർക്കോസ് ഇന്നും ജീവിച്ചിരിക്കുന്നു. ആ ഭ്രമം തകർന്നുപോകാതിരിക്കാനായി, സേതുവിന് ഇടയ്ക്കിടെ മാർക്കോസ് ആയി മധുവിന് മുൻപിൽ അഭിനയിക്കേണ്ടി വരുന്നു. വൈകാരികമായ ഇത്തരമൊരു കുടുംബബന്ധത്തിൽ നിന്ന് ഉദ്വേഗഭരിതമായ ഒരു ത്രില്ലറിലേക്ക് സിനിമ വഴിമാറുന്ന കാഴ്ചയാണ് തുടർന്നങ്ങോട്ട് കാണാനാകുന്നത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്നതും, ഒരുപക്ഷേ ഏറ്റവും പക്വവും ആയ പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ ഉള്ളത്. പുറംഭാവത്തിൽ മാത്രമല്ല, ഉള്ളിലെ മനുഷ്യനിലേക്കുള്ള ആഴത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചാക്കോച്ചൻ തന്റെ ഈ കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നത്. മാനസികമായ വെല്ലുവിളികൾ നേരിടുന്ന കിടപ്പുരോഗിയായ കഥാപാത്രമായി ദിലീഷ് പോത്തൻ നടത്തിയ പ്രകടനവും വിസ്മയിപ്പിക്കുന്നതാണ്. സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് പാക്കേജ്, സംവിധായകനിൽ നിന്ന് നടനായി മാറിയ ചിദംമ്പരമാണ്. വളരെ സ്വഭാവികമായൊരു സ്ക്രീൻ പ്രെസെൻസ് ആയി തന്റെ അഭിനയത്തെ നിലനിർത്താൻ ചിദംമ്പരത്തിന് ആകുന്നുണ്ട്. ഫസ്റ്റ് ഹാഫ് ക്യാരക്ടർ റിവീലിങ്ങും ലൈറ്റ് കോമഡികളുമൊക്കെയായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ, സെക്കന്റ് ഹാഫ് ഇമോഷണലും ആക്ഷനുമൊക്കെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഹ്യൂമർ, സോഷ്യൽ സറ്റയർ, ഇമോഷൻസ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകന്റെ ചേരുവകൾ എല്ലാമുള്ള സിനിമയാണ് ഒരു ദുരുഹ സാഹചര്യത്തിൽ.

സാങ്കേതികമായി കൂടി ചിത്രം ഏറെ മികവ് പുലർത്തുന്നുണ്ട്. വയനാടിന്റെ കാടുകളും ഗ്രാമീണ ഭൂപ്രദേശങ്ങളും അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ ഫ്രെയിമുകളിൽ പകർത്തുന്ന ഛായാഗ്രഹണം സിനിമയുടെ മൂഡിനോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്നു. പ്രത്യേകിച്ച് തിരുനെല്ലി–തോൽപ്പട്ടി പ്രദേശങ്ങളുടെ റോ ഫീൽ, കഥയിലെ ദുരൂഹതയെ കൂടുതൽ തീവ്രമാക്കാൻ സഹായിക്കുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമയുടെ മറ്റൊരു പ്രധാന ശക്തിയാണ്. എഡിറ്റിംഗ് കാര്യത്തിലും ചിത്രം ഷാർപ് ആണ്. മറ്റു ചിത്രങ്ങൾ പോലെ തന്നെ സംവിധായകൻ തന്റെ കൈയ്യൊപ്പ് ഇവിടെയും പതിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയകരമായ ഒരു കാര്യം.

കോ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ഛായാഗ്രഹണം- അർജുൻ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട്സ്- വിക്കി നന്ദഗോപാൽ, ഡി ഐ- സപ്ത വിഷൻ, കളറിസ്റ്റ്- ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ്- തോമസ് ജോർജ്, നൗഫൽ വി എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി- ഡാൻസിങ് നിഞജ, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, സ്റ്റീൽസ്- പ്രേംലാൽ പട്ടാഴി, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം- മാജിക്ക് ഫ്രെയിംസ്.

Advertisements

Leave a Comment