സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിൻ്റെ ട്രെയ്‌ലർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്.
ഗംഭീര ദൃശ്യങ്ങളും പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു വമ്പൻ സിനിമാനുഭവം ആണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഭാഷകൾക്ക് അതീതമായി സിനിമകൾ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു തീയേറ്റർ വിരുന്നു തന്നെ ഈ ചിത്രം സമ്മാനിക്കുമെന്നും ട്രെയ്‌ലർ കാണിച്ച് തരുന്നുണ്ട്. സാങ്കേതികമായി ഉയർന്ന നിലവാരമാണ് ചിത്രം പുലർത്തുന്നതെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.
പിആർഒ – ശബരി



