സംവിധായകരായ പ്രൊഡക്ഷൻ കൺട്രോളർമാർ വിധായകനിരയിലേക്ക് കടന്നുവന്ന ആദ്യത്തെയാൾ എസ്.എൽ.പുരം ആനന്ദ് ആണ്. പ ഴയ കാല പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന അദ്ദേഹം ആലിലക്കുരുവികൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പുതിയ മേലങ്കി അണിഞ്ഞത്. ഇന്നത്തെ പ്രശസ്ത സംവിധായകനായ വിനയൻ ആണ് ആ ചിത്രം നിർമ്മിച്ചത്. ആറ്റിനക്കരെ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്ത അദ്ദേഹം ഏഴ് വർഷം മുമ്പ് അന്തരിച്ചു.
പിന്നീട് കടന്നു വന്നത് സിനിമാ പ്രവർത്തകരുടെ പ്രിയപ്പെട്ട ജെ.പി . എന്ന ജയപ്രകാശ് ആണ്. കൂട്ട്, 3G എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഹരി പൈങ്കുളം എന്ന പേരിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടാവായി പ്രവർത്തിച്ചിരുന്ന ഹരിനാരായണൻ നന്തുണി, നീലാംബരി, നോട്ടി പ്രൊഫസർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
സൈമൺപാറയ്ക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സൈമൺ കുരുവിള, കെ.കെ.റോഡ് , നല്ല കോട്ടയംകാരൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ എം.രഞ്ജിത്ത് സംവിധായകനായി. ശിഖാമണി എന്ന ചിത്രത്തിലൂടെ സംവിധായകനായ വിനോദ് ഗുരുവായൂർ പിന്നീട് മിഷൻ സി, സകലകലാശാല എന്നീ ചിത്രങ്ങൾ കൂടിചെയ്തു. ചെഞ്ചായം എന്ന സിനിമ സംവിധാനം ചെയ്തത് ഷൊർണൂർ വിജയനാണ്.
ഷാനി കൂനം മൂച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഷാനി ഖാദർ ചങ്ങാതിപ്പൂച്ച അടക്കം നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയ ശേഷം ഇപ്പോൾ ആളങ്കം എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിച്ചിരിക്കുന്നു. അമ്പലപ്പുഴ രാധാകൃഷ്ണൻ ഇവൾ ഗോപിക എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. കബഡി കബഡി എന്ന സിനിമ സംവിധാനം ചെയ്ത സുധീർ മനു എന്ന ഇരട്ട സംവിധായകരിലെ മനു നമ്മുടെ പ്രിയപ്പെട്ട മനു ശ്രീകണ്ഠപുരം ആണ്. ഇപ്പോഴിതാ നമ്മുടെ പ്രിയപ്പെട്ട മറ്റൊരു അംഗം കൂടി സംവിധാന രംഗത്തേക്ക് എത്തുന്നു.
നമ്മുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ കമ്മിറ്റി അംഗവുമായ രാധേശ്യാം വി (ശ്യാം തൃപ്പൂണിത്തുറ) സംവിധാനം നിർവ്വഹിക്കുന്ന,ഹരീഷ് പേരടിയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മധുര കണക്ക് എന്ന സിനിമ (4/12/2025) റിലീസാവുകയാണ്. പ്രൊഡക്ഷൻ കൺട്രോളറായി വർക്കു ചെയ്തിരുന്ന ശ്യാം സംവിധായകൻ്റെ മറ്റൊരു തൊപ്പിയും അണിയുകയാണ്. പ്രിയ ചങ്ങാതിയുടെ മധുര കണക്ക് എന്ന ചിത്രത്തിന് എല്ലാ വിജയങ്ങളും നേരുന്നതിനോടൊപ്പം പ്രിയപ്പെട്ട പ്രേക്ഷകർ ഈ സിനിമ കണ്ട് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
നമ്മുടെ മറ്റു മെമ്പർമാരായ സുധൻരാജ് (സുധൻ പേരൂർക്കട)സംവിധാനം ചെയ്ത കമ്പം, ഗിരീഷ് വൈക്കം സംവിധാനം ചെയ്ത ദ ഡാർക്ക് വെബ് എന്നീ ചിത്രങ്ങളും ഉടൻ റിലീസാകും.
എന്ന്
ഷാജി പട്ടിക്കര
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ
ജോയിൻ്റ് സെക്രട്ടറി




