പ്രശസ്ത പ്രൊഡക്ഷൻ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ കീഴിൽ തെന്നിന്ത്യൻ സൂപ്പർ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാർദന. ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രം രാജ വാരു റാണി ഗാരു സംവിധാനം ചെയ്ത രവി കിരൺ കോല സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും ഇന്ന് ഹൈദരാബാദിൽ നടന്ന ഗംഭീര ചടങ്ങിൽ പുറത്തിറങ്ങി. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷൻ ഡ്രാമയായാണ് അവതരിപ്പിക്കപ്പെടുന്നത്.
ഗ്ലിംപ്സ് പുറത്തിറങ്ങിയതോടെ റൗഡി ജനാർദന പ്രേക്ഷകരിൽ ശക്തമായ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. രക്തത്തിൽ കുതിർന്ന തീവ്ര ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന ഗ്ലിംപ്സ്, വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു അവതാരത്തിൽ അവതരിപ്പിക്കുന്നു. പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷൻ മുഹൂർത്തങ്ങളും ചേർന്ന് ‘ജനാർദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണർത്തുകയാണ് പ്രേക്ഷകർക്കിടയിൽ. കൈയിൽ മാച്ചറ്റുമായി, രക്തക്കറകളോടെ എത്തുന്ന വിജയ് ദേവരകൊണ്ടയുടെ ഇന്റൻസ് സ്‌ക്രീൻ പ്രസൻസ് ഗ്ലിംപ്സിന്റെ ഹൈലൈറ്റാണ്.
ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതൽ തീവ്രത നൽകുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. കീർത്തി സുരേഷ് നായികയായി മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ബാനർ: ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്, നിർമ്മാതാക്കൾ: ദിൽ രാജു, ശിരീഷ്, കഥ & സംവിധാനം: രവി കിരൺ കോല,ഛായാഗ്രഹണം: ആനന്ദ്.സി. ചന്ദ്രൻ,സംഗീതം: ക്രിസ്റ്റോ സേവ്യർ,പ്രൊഡക്ഷൻ ഡിസൈനർ: ഡിനോ ശങ്കർ, അഡീഷണൽ സ്ക്രീൻപ്ലേ: ജനാർദൻ പാസുമർത്തി, മ്യൂസിക് : ടി സീരിസ്, ആക്ഷൻ: സുപ്രീം സുന്ദർ,ആർട്ട് ഡയറക്ടർ: സത്യനാരായണ, പി.ആർ.ഓ : പ്രതീഷ് ശേഖർ എന്നിവരാണ്.



