മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ചിത്രീകരണം പൂർത്തിയായി. മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പാക്കപ്പ് ആയത്. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് വെള്ളിയാഴ്ച പൂർത്തിയായത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയുടെ സീനുകളാണ് കൊച്ചിയിൽ ചിത്രത്തിൻ്റെ പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത്. ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ താരനിരയാണ്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെക്കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റ്, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിലാണ് പേട്രിയറ്റിൻ്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്”. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. സംഗീതം സുഷിൻ ശ്യാം.
സംവിധായകൻ മഹേഷ് നാരായണൻ തന്നെ രചിച്ച ചിത്രം, അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റ് ചെയ്യുന്നത്. 2026 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ. ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.


