Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Written by: Cinema Lokah on 16 January

Nabha Natesh as Parvathi
Nabha Natesh as Parvathi

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പാർവതി എന്ന് പേരുള്ള കഥാപാത്രമായാണ് നഭാ നടേഷ് ചിത്രത്തിൽ വേഷമിടുന്നത്. മകര സംക്രാന്തി ആഘോഷങ്ങൾ പ്രമാണിച്ചാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

മനോഹരവും പരമ്പരാഗതവുമായ വേഷത്തിലാണ് നഭാ നടേഷിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമായ സാരിയിൽ പൊതിഞ്ഞ്, സങ്കീർണ്ണമായ ആഭരണങ്ങളാൽ അലങ്കരിച്ച ഈ കഥാപാത്രം, സമചിത്തത, വിശുദ്ധി, ആത്മീയ ഊഷ്മളത എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്. ഭക്തിയിലും പുരാണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു കഥാപാത്രത്തെ ആണ് ഈ ലുക്ക് സൂചിപ്പിക്കുന്നത്. ഐശ്വര്യ മേനോൻ മറ്റൊരു നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്.

അടുത്തിടെ 20 കോടിയോളം രൂപ ചിലവഴിച്ചു ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ ഒരുക്കിയ വമ്പൻ സെറ്റിൽ ചിത്രത്തിന്റെ ക്ളൈമാക്സ് ഒരുക്കിയിരുന്നു. പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്നൊരുക്കിയ സെറ്റിൽ, അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിലാണ് ക്ലൈമാക്സ് സംഘട്ടനം ചിത്രീകരിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിനായി ഒരുക്കിയത്.

ഇത് കൂടാതെ, ചിത്രത്തിലെ “ഓം വീര നാഗ” എന്ന ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും ശ്രദ്ധ നേടിയിരുന്നു. നേരത്തെ 1000 നർത്തകർ പങ്കെടുത്ത മറ്റൊരു ബ്രഹ്മാണ്ഡ ഗാനവും ചിത്രത്തിനായി ഒരുക്കിയിരുന്നു. കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ രൂപത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആണ് ഈ ഗാനം ചിത്രീകരിച്ചത്. ചിത്രത്തിലെ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് നായകൻ വിരാട് കർണ്ണ നടത്തിയത്.

ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

Nabha Natesh in Nagabandham
Nabha Natesh in Nagabandham

Leave a Comment