Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

Written by: Cinema Lokah on 1 January

MACTA-Cinema Awards
MACTA-Cinema Awards

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട ഈ വർഷം മുതൽ മലയാള സിനിമകൾക്കായി അവാർഡ് ഏർപ്പെടുത്തുന്നു. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംഗീത വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കും ഉൾപ്പടെ പുരസ്കാരങ്ങൾ നൽകപ്പെടുന്ന മാക്ട ഫിലിം അവാർഡ്….. നിലവാരം കൊണ്ടും ജനപ്രീതി കൊണ്ടും ഒരുപോലെ ശ്രദ്ധേയമാകും വിധത്തിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ചെയർമാൻ ജോഷിമാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫിലിം അവാർഡ് ഉൾപ്പടെ പുതുവർഷത്തിൽ മാക്ട നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി മാക്ട നടത്തുന്ന തിരക്കഥാ മത്സരത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും , ഒട്ടേറെ എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് തിരക്കഥാ മത്സരത്തിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടുന്നതായും മാക്ട ഭാരവാഹികൾ അറിയിച്ചു. മാക്ട അംഗങ്ങൾക്ക് വേണ്ടി മൊബൈൽ ഫോൺ-ഫോട്ടോ മത്സരമാണ് പുതുവർഷത്തിലെ മറ്റൊരു പരിപാടി.
സ്ത്രീ എന്നതാണ് ഫോട്ടോ മത്സരത്തിന്റെ വിഷയം.

മാക്ട ഇയർ പ്ലാനറിന്റെ വിതരണോത്ഘാടനം സംവിധായകൻ പദ്മകുമാറിന് കോപ്പി നൽകി കൊണ്ട് ചെയർമാൻ നിർവഹിച്ചു. ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലെ പ്രതിഭ തെളിയിച്ച പരിണതപ്രജ്ഞരെയുംപുതിയ തലമുറയിലെ പ്രതിഭകളെയും ആദരിച്ചു കൊണ്ട് അവരുമായി ആശയവിനിമയത്തിന് അവസരം ഒരുക്കുന്ന പ്രതിമാസ സംവാദ പരിപാടിക്കും മാക്ട തുടക്കം കുറിക്കുകയാണ്. കിഷ്കിന്ദാകാണ്ഡം, എക്കോ എന്നീ സിനിമകളുടെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ദിൻജിത് അയ്യത്താൻ – ബാഹുൽ രമേശ് എന്നിവരാണ് പ്രതിമാസ സംവാദ പരിപാടിയിലെ ആദ്യ ക്ഷണിതാക്കൾ .

മാക്ട ആസ്ഥാനത്തുള്ള സിനിമാ റഫറൻസ് ലൈബ്രറിയുടെ സേവനം സമീപപ്രദേശങ്ങളിലെ പൊതുജനങ്ങൾക്കും വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും മക്ട നേതൃത്വം അറിയിച്ചു.

ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻലാൽ, വൈസ് ചെയർമാൻ പി കെ ബാബുരാജ്, ജോയിന്റ് സെക്രട്ടറിമാരായ ഉത്പൽ വി നായനാർ – സോണി സായി എന്നിവർക്കൊപ്പം ഭൂമിനാഥൻ, ജോസ് തോമസ്, സുന്ദർദാസ്, പദ്മകുമാർ, വേണു ബി നായർ, ബാബു പള്ളാശ്ശേരി, എ എസ് ദിനേശ്, അഞ്ജു അഷറഫ് എന്നിവരും എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പങ്കെടുത്തു.

Leave a Comment