വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; കളങ്കാവൽ ഡിസംബർ 5ന് പ്രദർശനത്തിന്
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവൽ വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ഈ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.11 നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് തുടങ്ങിയത്. ബുക്കിംഗ് തുടങ്ങി ഉടൻ തന്നെ ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡ് ചെയ്യാൻ ആരംഭിച്ച ചിത്രം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. ആഗോള തലത്തിലും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രം നേടുന്നത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ.
തിങ്കളാഴ്ച പുറത്തു വന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിനും വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പോലീസ് ഓഫീസർ ആയി വിനായകനെയും, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസർ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് എന്നാണ് സൂചന. ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ “ലോക” ഉൾപ്പെടെയുള്ള ചിത്രങ്ങൾ തമിഴ്നാട് വിതരണം ചെയ്തതും ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗാനങ്ങൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു
കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Summery – The Kerala presales of Kalamkaval, directed by Jithin K. Jose and starring Mammootty and Vinayakan, have crossed the Rs 1.25 crore mark. The film achieved this feat with more than a day left for its release.




