തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘യിലേ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്.
അതിശക്തമായ ഒരു കഥാപാത്രത്തിനാണ് ജഗപതി ബാബു ഈ ചിത്രത്തിൽ ജീവൻ നൽകുന്നത് എന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അപ്പലസൂരി എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അടുത്തിടെയാണ് ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിൻ്റെ മേൽനോട്ടത്തിൽ ചിത്രത്തിലെ ഒരു വമ്പൻ സംഘട്ടന രംഗം ഹൈദരാബാദിൽ നിർമ്മിച്ച അലുമിനിയം ഫാക്ടറിയുടെ സെറ്റിൽ ഒരുക്കിയത്. രാം ചരൺ, ശിവരാജ് കുമാർ എന്നിവർ ഈ സംഘട്ടന രംഗത്തിൻ്റെ ഭാഗമായിരുന്നു. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ ചിത്രത്തിലെ “ചികിരി ചികിരി” എന്ന ഗാനം പുറത്ത് വരികയും ആഗോള തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എ ആർ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വമ്പൻ ശാരീരിക പരിവർത്തനമാണ് ഈ ചിത്രത്തിനായി രാം ചരൺ നടത്തിയത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി
Find The Character Poster Of Jagapathi Babu In Peddi Movie as Appala Soori, Directed by Buchi Babu Sana and Starring Ram Charan, Janhvi Kapoor.



